HOME| UK NEWSപരിഷ്‌കരിച്ച യൂറോപ്യന്‍ യൂണിയനില്‍ തുടരാമെന്ന ജോണ്‍സന്റെ അഭിപ്രായത്തിലേക്ക് പ്രധാനമന്ത്രിയും

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരുന്ന കാര്യത്തില്‍ കുറച്ച് മുമ്പു വരെ തികച്ചും വിരുദ്ധമായ പാളയങ്ങളിലായിരുന്നു പ്രധാനമന്ത്രി ഡേവിഡ് കാമറോണും ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സനും ഇക്കാര്യത്തില്‍ ഒരേ അഭിപ്രായമാവുകയും പരസ്പരം അടുക്കാന്‍ തുടങ്ങുകയും ചെയ്തിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന നിലപാടിലായിരുന്ന കാമറോണാണ് ഇപ്പോള്‍ ഇതില്‍ നിന്നും വ്യതിചലിച്ച് ജോണ്‍സന്റെ പാളയത്തിലേക്ക് ചേക്കാറാനൊരുങ്ങുന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടനും തനിക്കും അനുകൂലമായ ചില നീക്കുപോക്കുകളടങ്ങിയ പുതിയ ഡീലിന്റെ പശ്ചാതത്തലത്തിലാണ് കാമറോണിന്റെ ഈ കാലുമാറ്റം. അതായത് പരിഷ്‌കാരങ്ങള്‍ വരുത്തിയ യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടന് തുടരാമെന്നാണ് തുടക്കം മുതല്‍ ബോറിസ് ജോണ്‍സന്‍ നിലപാടെടുത്തിരുന്നത്. പരമാധികാരമുള്ള ബ്രിട്ടീഷ് പാര്‍ലിമെന്റിനെ യൂണിയനില്‍ തുടര്‍ന്ന് കൊണ്ട് തന്നെ നിലനിര്‍ത്തുക എന്ന ആശയത്തെയാണ് ജോണ്‍സന്‍ പിന്താങ്ങുന്നത്. ഈ ആശയം അവതരിപ്പിക്കാന്‍ ഹൗസ് ഓഫ് കോമണ്‍സില്‍ വച്ച് കാമറോണ്‍ ജോണ്‍സനോട് പറഞ്ഞിട്ടുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

എട്ടന്‍ യൂണിവേഴ്‌സിറ്റിയിലും ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലും പഠിച്ച ഈ പഴയ സമകാലീനര്‍ വീണ്ടും അടുക്കുന്നത് വിസ്മയകരമായ കാഴ്ചയാണ്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നതിന് വേണ്ടിയുള്ള പ്രചാരണത്തിന് താന്‍ തയ്യാറെടുക്കുകയാണെന്ന ബ്രിട്ടീഷ് ഹോം സെക്രട്ടറി തെരേസ മേയുടെ പ്രസ്താവന പുറത്ത് വന്ന് 24 മണിക്കൂറുകള്‍ക്ക് ശേഷമാണ് കാമറോണും ജോണ്‍സനും തമ്മില്‍ അടുക്കുന്നുവെന്ന സൂചനകള്‍ പുറത്ത് വന്നതെന്നതും വിസ്തമയകരമാണ്. ബ്രിട്ടനുമായി ആരോഗ്യകരമായ ഒരു ഡീലിലെത്താനായി യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് ചൊവ്വാഴ്ച ഏതാനും നിര്‍ദേശങ്ങള്‍ മേശപ്പുറത്ത് വച്ചിരുന്നു. ഇവയെ ഒരു ഡീലിനുള്ള അടിസ്ഥാനമെന്നാണ് തെരേസ മേ വിശേഷിപ്പിച്ചിരിക്കുന്നത്.

കാമറോണും ടസ്‌കും തമ്മില്‍ കഴിഞ്ഞ ആഴ്ച നടത്തിയ മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് പുതിയ ഡീല്‍ സംബന്ധിച്ച ധാരണയിലായിരിക്കുന്നത്. ഇതു പ്രകാരം യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്കുള്ള ബെനഫിറ്റുകള്‍ തല്‍ക്കാലം കൊടുക്കുന്നതില്‍ നിന്നും ബ്രിട്ടനെ ഒഴിവാക്കിയിട്ടുണ്ട്. എമര്‍ജന്‍സി ബ്രേക്ക് എന്നാണിത് അറിയപ്പെടുന്നത്. അതിന് പുറമെ റെഡ് കാര്‍ഡ് എന്ന കൂടുതല്‍ അധികാരവും ബ്രിട്ടന് യൂറോപ്യന്‍ യൂണിയന്‍ അനുവദിച്ചിട്ടുണ്ട്. ഇതനുസരിച്ച് യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ അനാവശ്യമെന്ന് തോന്നുന്ന വേളയില്‍ ബ്രിട്ടീഷ് എംപിമാര്‍ക്ക് ഇതിനെ റദ്ദാക്കാനുള്ള അധികാരം ലഭിക്കും. ഇവ ലഭിച്ചതിനെ തുടര്‍ന്നാണ് കാമറോണ്‍ തല്‍ക്കാലം ബ്രിട്ടനെ യൂറോപ്യന്‍ യൂണിയനില്‍ തന്നെ നിലനിര്‍ത്താനും അതിന് അനുകൂലമായി ജൂണില്‍ റഫറണ്ടം നടത്താനും തീരുമാനിച്ചിരിക്കുന്നത്. ഇപ്പോഴിതാ അദ്ദേഹം ജോണ്‍സന്റെ പാളയത്തിലേക്ക് കൂടുമാറുകയും ചെയ്തിരിക്കുകയാണ്.

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വേറിട്ട് പോകുന്നതിനെതിരെ രംഗത്ത് വന്നിരിക്കുന്ന ഏറ്റവും മുതിര്‍ന്ന പൊളിററിക്കല്‍ കാബിനറ്റ് അംഗങ്ങളായി മേയും ജോണ്‍സനും മാറിയിരിക്കുന്നു. ഈ ആവശ്യത്തിന് വേണ്ടി വാദിക്കുന്ന തലമുതിര്‍ന്ന ാേടറി നേതാക്കന്‍മാരുമാണിവര്‍. കുടിയേറ്റം കുറയ്ക്കുമെന്നത് പോലുള്ള തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കാമറോണ്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തിന് റൈറ്റ് വിംഗ് പ്രസില്‍ നിന്നും കടുത്ത വിമര്‍ശനം നേരിട്ടതും ഇക്കാര്യത്തില്‍ അസ്വസ്ഥരായ ചില ടോറികളില്‍ നിന്നും എതിര്‍പ്പ് നേരിട്ടതും കാര്യങ്ങള്‍ തങ്ങളുടെ വഴിയെ വരുന്നതിന്റെ സൂചനയായിട്ടാണ് യൂറോപ്യന്‍ യൂണിയനെ അനുകൂലിക്കുന്നവര്‍ കാണുന്നത്. കാമറോണ്‍ കൂടി ജോണ്‍സനൊപ്പം നീങ്ങാന്‍ തുടങ്ങിയതോടെ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന വാദഗതിയുമായി മുന്നോട്ട് പോകുന്ന മുന്‍ പാര്‍ട്ടി നേതാവായ ലെയ്ന്‍ ഡന്‍കന്‍ സ്മിത്തിന്റെ ഗ്രൂപ്പിന് അഞ്ചില്‍ കുറവ് കാബിനറ്റ് മിനിസ്റ്റര്‍മാരുടെ പിന്തുണ മാത്രമേ ലഭിക്കുകയുള്ളുവെന്നും ഉറപ്പായിട്ടുണ്ട്.

യൂറോപ്യന്‍ യൂണിയനുമായി ബ്രിട്ടന്‍ നടത്തിയ പുനര്‍വിലപേശലിലെ ഉടമ്പടികള്‍ എങ്ങനെയാണ് ഹൗസ് ഓഫ് കോമണ്‍സിന്റെയും ഹൗസ് ഓഫ് പാര്‍ലിമെന്റിന്റെയും പരമാധികാരം നിലനിര്‍ത്താന്‍ ഉപകാരപ്പെടുകയെന്ന് പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ ഇടപെട്ട് ജോണ്‍സന്‍ ഹൗസ് ഓഫ് കോമണ്‍സ് ചര്‍ച്ചയ്ക്കിടെ ചോദിച്ചിരുന്നു. ഹൗസ് ഓഫ് കോമണ്‍സിന്റെ പരമാധികാരം വര്‍ധിപ്പിക്കാന്‍ ഇതില്‍ കൂടുതല്‍ ചെയ്യാന്‍ താന്‍ സദാ ശ്രമിക്കുകയാണെന്നായിരുന്നു പ്രധാനമന്ത്രി ഇതിന് മറുപടിയേകിയത്. അതേ സമയം ഇപ്പോള്‍ നടത്തിയിരിക്കുന്ന വിലപേശകലുകള്‍ പ്രകാരമുള്ള പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം പറയുന്നു. റഫറണ്ടം ഈ വര്‍ഷം ജൂണ്‍ 23ന് നടത്താന്‍ തീരുമാനിച്ചതായി എംപിമാര്‍ക്കുള്ള ഒരു പ്രസ്താവനയില്‍ അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. ബ്രിട്ടനെ യൂറോപ്യന്‍ യൂണിയനില്‍ നിലനിര്‍ത്താന്‍ വേണ്ടി പ്രചാരണം നടത്തുമെന്നാണ് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ പ്രതികരിച്ചത്. എന്നാല്‍ യൂറോപ്യന്‍ യൂണിയനുമായി കാമറോണ്‍ നടത്തിയ നിര്‍ണായകമായ വിലപേശലിനെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. ഇതിനെ കോര്‍ബിന്‍ ടോറി പാര്‍ട്ടി ഡ്രാമ എന്ന് വിളിച്ചാണ് പരിഹസിച്ചിരിക്കുന്നത്. ഇതു മൂലം തൊഴിലാളികളുടെ അവകാശങ്ങള്‍ ഇല്ലാതായേക്കുമെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു.


Tags : ,

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം. ഇവിടെ ക്ളിക്ക്‌ ചെയ്യുക...