HOME| WORLD



പ്രളയം തടയാന്‍ ചൈനയില്‍ സ്‌പോഞ്ച് സിറ്റി വരുന്നു... എത്ര വലിയ പേമാരിയുണ്ടായാലും വെള്ളം ആഗിരണം ചെയ്യുന്ന ഭൂമി

എന്തിനും ഏതിനും ഡൂപ്ലിക്കേറ്റ് ഉണ്ടാക്കുന്നവരാണ് ചൈനക്കാരെന്നു പറയാറുണ്ട്. ടെക്‌നോളജി രംഗത്ത് അവര്‍ക്കുള്ള വൈഭവം എടുത്തു പറയേണ്ടതുതന്നെയാണ്. പ്രളയത്തില്‍കുരുങ്ങിയ ചെന്നൈ നഗരം ഇതുവരെയും പൂര്‍വസ്ഥിതിയിലേക്കായിട്ടില്ല. പ്രളയം വരുത്തുന്ന ദുരിതങ്ങള്‍ മുന്നില്‍ക്കണ്ടാകണം ചൈന പുതിയൊരു പദ്ധതിക്കു തയാറെടുക്കുന്നത്. എത്ര വലിയ പേമാരിയുണ്ടായാലും വെള്ളം ആഗിരണം ചെയ്യുന്ന ഭൂമി. പിന്നീട് ഇത് കുടിവെള്ളത്തിനായി ഉപയോഗിക്കാം എന്ന പ്രത്യേകതയുമുണ്ട്. സ്‌പോഞ്ച് സിറ്റി എന്നാണ് ഈ പദ്ധതിക്കു നല്കിയിരിക്കുന്ന പേര്.

രാജ്യത്ത് 16 സിറ്റികളില്‍ ഈ പദ്ധതിയുടെ ഭാഗമായി നിക്ഷേപം നടത്തുമെന്നാണ് ചൈന അറിയിച്ചിരിക്കുന്നത്. പിന്നീട് ഇതില്‍ 130 സിറ്റികള്‍ക്കൂടി ഉള്‍പ്പെടുത്തും. പരിസ്ഥിതി മലിനീകരണം, ഊര്‍ജപ്രതിസന്ധി തുടങ്ങിയവയ്ക്കു പരിഹാരമായിട്ടാണ് ചൈന ഇങ്ങനെയൊരു പദ്ധതി തുടങ്ങുന്നത്. തെരഞ്ഞെടുത്ത സിറ്റികളില്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ പദ്ധതി നടപ്പാക്കും. 85 ബില്യണ്‍ യുവാന്‍ (ഏകദേശം 88,482 കോടി രൂപ) ആണ് ഇതിനായി നീക്കിവച്ചിട്ടുള്ളത്.

മഴവെള്ളം ഭൂമിക്കടിയിലേക്ക് വലിച്ചെടുക്കുക മാത്രമല്ല സ്‌പോഞ്ച് സിറ്റികള്‍ ചെയ്യുക. വലിച്ചെടുക്കുന്നതോടൊപ്പം ശുദ്ധീകരിക്കുകയും ഭൂഗര്‍ഭസംഭരണികളിലോ ഡാമുകളിലോ ശേഖരിക്കും. പിന്നീട് ഇത് വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. ഒഴുക്കു കുറഞ്ഞ തടാകങ്ങള്‍ ഈ പദ്ധതിവഴി പുനരുജ്ജീവിപ്പിക്കാനും ആലോചനയുണ്ട്. ചൈനയില്‍ വര്‍ധിച്ചുവരുന്ന ജനപ്പെരുപ്പം ജലക്ഷാമത്തിനു കാരണമാകുന്നുണ്ട്. ഇതിനാല്‍ കഴിഞ്ഞ വര്‍ഷം 25 ജലസംഭരികളില്‍ മഴവെള്ളം ശേഖരിക്കാനുള്ള പദ്ധതി ചൈന നടപ്പാക്കിയിരുന്നു.

സ്‌പോഞ്ച് സിറ്റികള്‍ കാര്‍ബണ്‍ പുറന്തള്ളുന്നത് കുറയ്ക്കുമെന്നാണ് ചൈനീസ് സര്‍ക്കാര്‍ പറയുന്നത്. ഭാവിയില്‍ ഗ്രീന്‍ സിറ്റികള്‍ ആരംഭിക്കാനുള്ള ശ്രമത്തിന്റെ ആദ്യ സംരംഭമാണ് സ്‌പോഞ്ച് സിറ്റി പദ്ധതിയെന്നാണ് വിവരം. മഴപെയ്താല്‍ പ്രളയവും വെയില്‍ തെളിഞ്ഞാല്‍ വരള്‍ച്ചയും വരുന്ന നമ്മുടെ നാട് ചൈനയെ മാതൃകയാക്കേണ്ടതിന്റെ ആവശ്യം അതിക്രമിച്ചിരിക്കുന്നുവെന്നാണ് സമീപകാലത്തെ പ്രശ്‌നങ്ങള്‍ സൂചിപ്പിക്കുന്നത്.


Tags : ,

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം. ഇവിടെ ക്ളിക്ക്‌ ചെയ്യുക...