HOME| KERALA



കോഴിക്കോട് ഡോക്ടറെയും കുടുംബത്തെയും മയക്കിക്കിടത്തി വന്‍ കവര്‍ച്ച

കോഴിക്കോട്: നഗരത്തില്‍ ഡോക്ടറെയും കുടുംബത്തെയും മയക്കിക്കിടത്തി വന്‍ കവര്‍ച്ച. 50ല്‍പരം പവന്‍ സ്വര്‍ണാഭരണങ്ങളും മൂന്നുലക്ഷം രൂപയുമാണ് നഷ്ടപ്പെട്ടത്. ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജനറല്‍ മെഡിസിന്‍ വിഭാഗം മേധാവി ഡോ. എന്‍.ജെ. തുളസീധരന്റെ മലാപറമ്പ് ദേശോദ്ധാരിണി ക്രോസ് റോഡിലെ മരതകം വീട്ടിലാണ് ഇന്നലെ രാത്രി കവര്‍ച്ച നടന്നത്.

വീട്ടുകാര്‍ രാവിലെ ഉണര്‍ന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഡോക്ടറും ഭാര്യയും മകളും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. ഭാര്യയും മകളും അണിഞ്ഞിരുന്ന ആഭരണങ്ങള്‍ വരെ മോഷ്ടാക്കള്‍ ഊരിക്കൊണ്ടുപോയി. രാവിലെ ഉണര്‍ന്നപ്പോള്‍ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നതായി വീട്ടുകാര്‍ പറഞ്ഞു. മയക്കുമരുന്ന് മണപ്പിച്ചു ബോധം കെടുത്തുകയായിരുന്നുവെന്ന് കരുതുന്നു. വീടിന്റെ പിന്‍വാതില്‍ പൊളിച്ച നിലയിലാണ്. എല്ലാ മുറികളിലെയും അലമാരകള്‍ വാരിവലിച്ചിട്ടിട്ടുമുണ്ട്.

മകളുടെ വിവാഹ ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമാണ് നഷ്ടപ്പെട്ടതെന്ന് ഡോക്ടര്‍ പറഞ്ഞു.നോര്‍ത്ത് അസി. കമ്മീഷണര്‍ ജോസി ചെറിയാന്‍, ചേവായൂര്‍ സിഐ പി.കെ. സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

ചുമരില്‍ നിറയെ അശ്ലീലചിത്രങ്ങള്‍
കോഴിക്കോട്: മലാപ്പറമ്പില്‍ കവര്‍ച്ച നടന്ന ഡോക്ടറുടെ വീടിന്റെ ചുവരില്‍ കള്ളന്മാരുടെ വക അശ്ലീല ചിത്രങ്ങളും. സ്വര്‍ണവും പണവും കവര്‍ന്നതിനു പുറമേയാണ് “കലാവിരുത്” പ്രകടമാക്കിയത്. വീട്ടിലുണ്ടായിരുന്ന സ്‌കെച്ച് പേന ഉപയോഗിച്ചാണ് രചന നടത്തിയിരിക്കുന്നത്. ഹിന്ദിയില്‍ ഏതാനും വാക്കുകളും എഴുതിയിട്ടുണ്ട്. എന്നാലിത് അന്വേഷണം വഴി തെറ്റിക്കാനുള്ള ശ്രമമാണെന്ന സംശയത്തിലാണ് പോലീസ്.


Tags : ,


മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം. ഇവിടെ ക്ളിക്ക്‌ ചെയ്യുക...