HOME| KERALA



ആശങ്ക ഉയരുന്നു! ജലനിരപ്പ് 142 അടിയിലേക്ക്; ഡാം തുറന്നുവിടുക മാത്രമാണ് ഏകപോംവഴി. കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടികള്‍ ആരംഭിച്ചു

കുമളി: വനത്തിലെ കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേക്ക് അടുക്കുന്നു. സുപ്രീം കോടതി നിജപ്പെടുത്തിയ പ്രകാരമുള്ള അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷിയാണിത്. ഇന്നു രാവിലെ ജലനിരപ്പ് 141.8 അടിയായി ഉയര്‍ന്നിട്ടുണ്ട്. തേക്കടി, കുമളി, പെരിയാര്‍ എന്നിവിടങ്ങളില്‍ പെയ്ത മഴയാണ് ഡാമിലെ ജലനിരപ്പ് വളരെ വേഗം വര്‍ധിപ്പിച്ചത്. ജലനിരപ്പ് 142 അടിയായാല്‍ ഡാം തുറന്നുവിടുക മാത്രമാണ് കേരളത്തിന് മുന്നിലെ പോംവഴി. അല്ലാത്തപക്ഷം ഡാമിന്റെ നിലനില്‍പ്പ് പോലും ആശങ്കയിലാക്കുമെന്ന് അധികൃതരും ഭയക്കുന്നു.

ഡാം തുറന്നുവിടുന്നതിലും ആശങ്ക ഒഴിവായിട്ടില്ല. അണക്കെട്ടിന്റെ 13 സ്പില്‍വേ വഴി പെരിയാറ്റിലേയ്ക്ക് വെള്ളം തുറന്നു വിട്ടാല്‍ പെരിയാറ്റില്‍ വെള്ളപ്പൊക്കമുണ്ടാകാനും സാധ്യതയുണ്ട്. 2008ല്‍ സമാന സംഭവം ഉണ്ടായിരുന്നു. അന്നു ഇറച്ചി പാലം വഴി തമിഴ്‌നാട് കൂടുതല്‍ വെള്ളം തുറന്നു വിട്ടാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. എന്നാല്‍ ഇപ്പോള്‍ തമിഴ്‌നാട്ടിലും കനത്തമഴയായതിനാല്‍ ഇതു സാധ്യമല്ല. കനത്ത മഴയില്‍ വലയുന്ന തമിഴ്‌നാട്ടിലേക്ക് ഡാമിലെ ജലം തുറന്നുവിടുന്നത് ശുഭമല്ല. ഈ സാഹചര്യത്തില്‍ കേരളത്തിലേക്ക് തന്നെ ജലം തുറന്നുവിടേണ്ട സാഹചര്യമാണ്.

ഡാം തുറക്കേണ്ട സാഹചര്യമായാല്‍ ഏറ്റവും ആദ്യം ബാധിക്കുന്ന വണ്ടിപ്പെരിയാറിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള ക്രമീകരണങ്ങളും സര്‍ക്കാര്‍ ആരംഭിച്ചു. 129 കുടുംബങ്ങളാണ് ഇവിടെയുള്ളത്. അപകട സാധ്യത മുന്‍നിര്‍ത്തി ദുരന്ത നിവാരണ സേനയും പീരുമേട് താലൂക്കില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

അതേസമയം തേക്കടി കനാല്‍ ഷട്ടറിന് സമീപത്തുള്ള സ്‌കെയിലില്‍ ജലനിരപ്പ് 142 എത്തിയിട്ടുണ്ട്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. മുല്ലപ്പെരിയാര്‍ വെള്ളം ശേഖരിക്കുന്ന വൈഗ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിലും മഴയുണ്ട്. ഇന്നലെ അരിച്ചിറങ്ങുന്ന വെള്ളത്തിന്റെ അളവ് മിനിട്ടില്‍ 148.527 ലിറ്ററായി ഉയര്‍ന്നു. ശനിയാഴ്ച ഇത് 145 ലിറ്ററായിരുന്നു.

ഇന്നു രാവിലെ ആറ് വരെയുള്ള 24 മണിക്കൂറിനുള്ളില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്ക് സെക്കന്‍ഡില്‍ 2647 ഘനയടി വീതം വെള്ളമാണ് ഒഴുകിയെത്തിയത്. ഞായറാഴ്ച പകല്‍ സമയങ്ങളില്‍ പെയ്ത കനത്ത മഴയാണ് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് വര്‍ധിക്കാന്‍ കാരണം. —അണക്കെട്ടില്‍ നിന്നും തമിഴ്‌നാട് സെക്കന്‍ഡില്‍ 1850 ഘനയടി വീതം വെള്ളമാണ് ഒഴുക്കുന്നത്. ഇതിനേക്കാള്‍ കൂടുതല്‍ വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നതിനാല്‍— ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്.

തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നതിനാല്‍ സമതല പ്രദേശങ്ങള്‍ വേഗത്തില്‍ വെള്ളത്തിനടിയിലാകുമെന്നതിനാല്‍ മുല്ലപ്പെരിയാറില്‍ നിന്നും കൂടുതല്‍— വെള്ളം തുറന്നു വിടരുതെന്നാണ് നാട്ടുകാരുടെ ആവശ്യം. മുല്ലപ്പെരിയാര്‍ വെള്ളം ശേഖരിക്കുന്ന വൈഗ അണക്കെട്ടിലെ ജലനിരപ്പ് 65.06 അടിയാണ്. വൈഗയിലേക്ക് സെക്കന്‍ഡില്‍ 1850 ഘനയടി വെള്ളം ഒഴുകിയെത്തുന്നുണ്ട്. വൈഗയില്‍ നിന്നും 2763 ഘനയടി വെള്ളമാണ് തുറന്നുവിട്ടിരിക്കുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രദേശത്ത് 9.4 മില്ലീമീറ്ററും തേക്കടി പ്രദേശത്ത് 34 എംഎംഉം മഴ പെയ്തു.

മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശങ്ങളായ വനമേഖലയില്‍ കനത്ത തോതില്‍ മഴയുണ്ട്. വൈഗ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ 10 മില്ലീമീറ്ററും മഴ പെയ്തു. മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ എന്ത് നടപടി സ്വീകരിക്കുമെന്നത് സംബന്ധിച്ച് കേരളത്തിന്റെ എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ചോദ്യത്തിന് വെള്ളം തുറന്നുവിടുമെന്ന് മാത്രമായിരുന്നു ഉപസമിതിയിലെ തമിഴ്‌നാട് അംഗങ്ങളുടെ മറുപടി. എന്നാല്‍ വെള്ളം തുറന്നുവിടുന്നത് തമിഴ്‌നാട്ടിലേക്കോ, കേരളത്തിലേക്കോ എന്നത് സംബന്ധിച്ച് വ്യക്തമാക്കാന്‍ തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ല. ജലനിരപ്പ് വന്‍തോതില്‍ ഉയര്‍ന്ന് കാര്യങ്ങള്‍ നിയന്ത്രണങ്ങള്‍ക്ക് അപ്പുറത്തേക്ക് നീങ്ങിയിട്ടും തമിഴ്‌നാട് തികച്ചും നിരുത്തരവാദ നിലപാടാണ് സ്വീകരിക്കുന്നത്.


Tags : ,


മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം. ഇവിടെ ക്ളിക്ക്‌ ചെയ്യുക...