HOME| UK NEWS



മേറ്റേണിറ്റി പേ നല്‍കാതിരിക്കുന്നതിന് വേണ്ടി ഗര്‍ഭിണിയായ മലയാളി യുവതിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട സംഭവം : 45,000 പൗണ്ട് നഷ്ടപരിഹാരം നല്‍കണമെന്ന് എംപ്ലോയ്‌മെന്റ് ട്രിബ്യൂണലിന്റെ വിധി

മെറ്റേണിറ്റി പേ നല്‍കാതിരിക്കുന്നതിനു വേണ്ടി ഓരോ കാരണങ്ങള്‍ പറഞ്ഞ് ഗര്‍ഭിണിയായ മലയാളി യുവതിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന് തൊഴില്‍ ഉടമ 45,000 പൗണ്ട് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി. മാനേജര്‍ കൂടിയായ തൊഴില്‍ ഉടമയ്‌ക്കെതിരെ സൗത്താംപ്ടണ്‍ എംപ്ലോയ്‌മെന്റ് ട്രിബ്യൂണലാണ് വിധി പുറപ്പെടുവിച്ചത്. കോടതിയെ കേസില്‍ നിന്ന് തെറ്റിദ്ധരിപ്പിച്ച് അനുകൂലവിധി നേടാന്‍ ശ്രമിച്ചതിന് ശ്രീലങ്കന്‍ വംശജനായ മാനേജര്‍ക്ക് താക്കീതും നല്‍കി.

3500 പൗണ്ട് വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതിന് വേണ്ടി വാങ്ങിയാണ് കോട്ടയം കുമരകം സ്വദേശിനിയായ കെയററിന് നേഴ്‌സിങ് ഹോം ഉടമ ജോലി നല്‍കിയത്. പിന്നീട് കെയറര്‍ ഗര്‍ഭിണിയായപ്പോള്‍ അകാരണമായി ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു. മെറ്റേണിറ്റി പേ നല്‍കാതിരിക്കുന്നതിന് വേണ്ടിയാണ് ഈ നടപടിയെന്ന് ആരോപിച്ച് കൃഷ്‌മോഗന്‍ സൊളിസിറ്റേഴ്‌സിവഴി മലയാളി കുടുംബം ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ കണ്ടെത്തിയ കാരണങ്ങള്‍ വിചിത്രമാണെന്ന് കോടതി നിരീക്ഷിച്ചു. കൂടാതെ 45000 പൗണ്ട് നഷ്ടപരിഹാരം നല്‍കാനും വിധിച്ചു. കോടതി ചെലവുകള്‍ ഇതിന് പുറമേ വരും. വിചാരണാ വേളയില്‍ പലതവണ വാക്ക് മാറ്റി പറഞ്ഞതും കെയര്‍ ഹോം ഉടമയ്ക്ക് തിരിച്ചടിയായി. ജോലി നല്‍കാന്‍ പണം വാങ്ങിയതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഹോം ഓഫീസ്,സോളിസിറ്റര്‍ ഫീ എന്നിവയ്‌ക്കെന്നു പറഞ്ഞു. എന്നാല്‍ തെളിവ് ആവശ്യപ്പെട്ടപ്പോള്‍ അതെല്ലാം നശിപ്പിച്ചിരുന്നെന്നും പറഞ്ഞു. ഇത്തരത്തിലുള്ള കള്ളങ്ങളും ട്രിബ്യൂണല്‍ കണ്ടെത്തിയതോടെ വിധി കഠിനമായി.

ജോലി നല്‍കാന്‍ ഉദ്യോഗാര്‍ത്ഥിയുടെ പക്കല്‍ നിന്നും പണം വാങ്ങി,അകാരണമായി പിരിച്ചുവിടാന്‍ വ്യാജ സാക്ഷികളെ ഉപയോഗിച്ചു എന്നീ കാരണങ്ങളും വിചാരണക്കിടെ കോടതി കണ്ടെത്തി. ഡോര്‍സെറ്റിലെ പൈന്‍ വുഡ് കെയര്‍ റസിഡന്‍ഷ്യല്‍ ഹോമിനെതിരെയാണ് ട്രിബ്യൂണല്‍ വിധി വന്നത്.


Tags : ,


മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം. ഇവിടെ ക്ളിക്ക്‌ ചെയ്യുക...