HOME| WORLD



ഭീകരാക്രമണത്തില്‍ സാരമായി പരിക്കേറ്റ് പാരിസിലെ വിവിധ ആശുപത്രികളില്‍ കഴിയുന്നത്‌ മൂന്നൂറിലേറെപ്പേര്‍

പാരിസ്: ഭീകരാക്രമണത്തില്‍ സാരമായി പരിക്കേറ്റ് പാരിസിലെ വിവിധ ആശുപത്രികളില്‍ കഴിയുന്നത്‌ മൂന്നൂറിലേറെപ്പേര്‍ . അതില്‍ നൂറോളം പ്പേര്‍ ഗുരുതരമായി പരിക്കേറ്റവരാണ്. മരണവുമായി മല്ലിട്ട് കഴിയുന്ന ഇവരെ ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ട്‌ വരാനായി വിശ്രമില്ലാതെ ജോലിയിലാണ് ഡോക്ടര്‍മാരും നഴ്‌സുമാരും. പാരിസിലെ സെന്റ്‌ ലൂയിസ് ആശുപത്രിയിലെ രംഗങ്ങള്‍ യുദ്ധകാലത്തെ ഒര്‍മിപ്പിക്കുന്നതാണ്. ആശുപത്രിയില്‍ നിന്നും എടുത്ത ചിത്രങ്ങളില്‍ സര്‍ജന്‍മാരും, ഡോക്ടേഴ്‌സും, നഴ്‌സുമാരും ചേര്‍ന്ന് രക്തത്തില്‍ കുളിച്ചുകിടക്കുന്നവരെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ പാടുപെടുകയാണ്.
132 പേര്‍ കൊല്ലപ്പെട്ട ദുരന്തത്തിന്റെ ബാക്കിപത്രമാണ് ആശുപത്രിയില്‍ നിന്നു കാണുന്നത്. രക്തം തളംകെട്ടി നില്‍ക്കുന്ന, രോദനം നിലയ്ക്കാത്ത മുറികളില്‍ മെഡിക്കല്‍ ടീം തങ്ങളുടെ ഫിഫ്റ്റിന്റെ സമയമൊന്നും ചിന്തിക്കാതെ ജോലിയില്‍ വ്യാപൃതരാകുന്നു.
ആശുപത്രി കിടക്കകള്‍ക്കിടയില്‍ പരക്കം പാഞ്ഞ് ജീവന്‍ രക്ഷിക്കാനുള്ള ഓട്ടത്തിലാണ് ഇവിടെ ഡോക്ടര്‍മാര്‍. കൈക്കും, കാലിനും, നെഞ്ചിനും മറ്റും വെടിയേറ്റവരാണ് ഇവിടെ കിടക്കുന്ന ഭൂരിഭാഗവും. പലരുടെയും നില അതീവ ഗുരുതരവും. സ്റ്റേഡിയത്തിലും, റെസ്റ്റൊറന്റ്, കഫേ, ബാര്‍, മ്യൂസിക് ഹാള്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ളവരാണ് ഇവിടെ ചികിത്സയ്ക്കായി എത്തിച്ചത്. യുദ്ധകലുഷിതമായ അഫ്ഗാനിസ്ഥാനില്‍ സേവനം അനുഷ്ഠിച്ച് പരിചിതനായ ഫിലിപ്പ് ജുവിനാണ് അക്രമങ്ങള്‍ പിന്നാലെയുള്ള ചികിത്സകള്‍ക്ക് നേതൃത്വം വഹിച്ചത്. മുന്നിലെത്തിയ മരണത്തിന്റെ ആഘാതത്തില്‍ നിന്നും മുക്തമാകാതെയാണ് പരിക്കേറ്റവര്‍ ആശുപത്രികളില്‍ എത്തുന്നതെന്ന് ഇദ്ദേഹം പറയുന്നു.
അതിനിടെ, ഇസ്ലാമിക്‌ സ്‌റ്റേറ്റിനെതിരെയുള്ള ആക്രമണം ഫ്രാന്‍സ്‌ ശക്‌തമാക്കി. ഐ.എസിന്റെ സിറിയയിലെ ശക്‌തികേന്ദ്രങ്ങളില്‍ ഫ്രാന്‍സ്‌ ഇന്നലെയും വ്യോമാക്രമണം നടത്തി. ഐ.എസിന്റെ സ്വയം പ്രഖ്യാപിത തലസ്‌ഥാനമായ റഖയിലാണു ഫ്രഞ്ച്‌ പോര്‍വിമാനങ്ങള്‍ തുടരെ ആക്രമണം നടത്തിയത്‌. അമേരിക്കന്‍ സൈന്യത്തിന്റെ സഹായത്തോടെ 30 തവണയാണ്‌ ഫ്രാന്‍സ്‌ വ്യോമാക്രമണം നടത്തിയത്‌.
ജോര്‍ദാന്‍, യു.എ.ഇ എന്നീ രാജ്യങ്ങളില്‍ നിന്നാണ്‌ ഐ.എസ്‌ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട്‌ 12ഓളം യുദ്ധ വിമാനങ്ങള്‍ പുറപ്പെട്ടത്‌. അതേസമയം ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട രണ്ട്‌ പേരെക്കൂടി തിരിച്ചറിഞ്ഞതായി ഫ്രഞ്ച്‌പോലീസ്‌ വ്യക്‌തമാക്കി.
പാരിസ്‌ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരനെ കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞിരുന്നു. അബ്‌ദെല്‍ഹാമിദ്‌ അബൗദ്‌ എന്നയാളാണ്‌ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍. ഫ്രഞ്ച്‌ റേഡിയോയായ ആര്‍.ടി.എല്‍ ആണ്‌ ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. ഇയാള്‍ സിറിയന്‍ പൗരനാണെന്നാണ്‌ റിപ്പോര്‍ട്ട്‌. മുഖ്യ സൂത്രധാരനെ തിരിച്ചറിഞ്ഞതോടെ ഇയാളെ പിടികൂടുന്നതിന്‌ 168ഓളം കേന്ദ്രങ്ങള്‍ ബെല്‍ജിയന്‍ പോലീസ്‌ റെയ്‌ഡ് ചെയ്‌തു.


Tags : ,


മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം. ഇവിടെ ക്ളിക്ക്‌ ചെയ്യുക...