HOME| UK NEWSസാബു കുര്യന്‍ അടക്കമുളളവര്‍ക്ക് ഔദ്യോഗിക വസതിയില്‍ വിരുന്നൊരുക്കി ഡേവിഡ് കാമറൂണ്‍; പ്രധാനമന്ത്രിക്കൊപ്പം ദീപാവലി ആഘോച്ചും വെംബ്ലിയില്‍ മോദിയെ കണ്ടും നേതാക്കള്‍"

ലണ്ടന്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവിനു മുന്നോടിയായും ഇന്ത്യക്കാരുടെ പ്രധാന ആഘോഷങ്ങളിലൊന്നായ ദീപാവലി ആഘോഷിക്കുന്നതിനായും പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ വിളിച്ചു ചേര്‍ത്ത കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ ആദ്യാവസാനം പങ്കെടുത്ത് സാബു കുര്യന്‍ മന്നാകുളവും.
ഗ്ലോബല്‍ പ്രവാസി മലയാളി കൗണ്‍സില്‍ ചെയര്‍മാനും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവുമായ സാബു കുര്യന്‍ അടക്കമുള്ളവരെ ഔദ്യോഗിക വതിയിലേക്ക് ക്ഷണിച്ചാണ് കാമറൂണ്‍ വിരുന്നു നല്‍കിയത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിടെ മുതര്‍ന്ന നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരവിനെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ചയുണ്ടായി. വെംബ്ലി സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമൂഹത്തെ നരേന്ദ്ര മോദി അഭിസംബോധന ചെയ്യുമ്പോള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രതിനിധികള്‍ ആരൊക്കെ ഉണ്ടാകണം എന്നതിനെക്കുറിച്ചു വ്യക്തമായ നിര്‍ദേശം ഉയര്‍ന്നു. വെബ്ലി സ്റ്റേഡിയത്തില്‍ മോദിയെ കാണാന്‍ ഭാര്യ ലീലാമ്മയ്‌ക്കൊപ്പാണ് സാബു കുര്യന്‍ പോയത്. സ്‌റ്റേഡിയത്തില്‍ നിന്നുള്ള സെല്‍ഫിയും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ബ്രിട്ടിഷ് പാര്‍ലമെന്റില്‍ മോദി പങ്കെടുത്ത ചടങ്ങില്‍ നിന്നു വിട്ടുനിന്ന കോര്‍ബിന്‍, ഇന്ത്യയിലെ ഭരണനേതൃത്വത്തിന്റ അസഹിഷ്ണുതയ്‌ക്കെതിരെ മുന്നറിയിപ്പു നല്‍കണമെന്നു പ്രധാനമന്ത്രി കാമറണിനോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ വംശജനായ ബ്രിട്ടിഷ് വ്യവസായി സ്വരാജ് പോളും പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു. സ്വരാജ് പോളിന്റെ മകന്‍ അംഗദ് കഴിഞ്ഞയാഴ്ച ഫ്‌ളാറ്റില്‍നിന്നു വീണു മരിച്ച വിവരമറിഞ്ഞ് മോദി അദ്ദേഹത്തെ ഫോണില്‍ വിളിച്ച് അനുശോചനം അറിയിച്ചിരുന്നു.


അതേസമയം ഭാരതീയ രാഷ്ട്രസങ്കല്‍പ്പത്തിന്റെ ആണിക്കല്ലായ "നാനാത്വത്തില്‍ ഏകത്വം" പ്രതീകമാക്കുന്ന വര്‍ണക്കമ്പളം സമ്മാനമായി നല്‍കിക്കൊണ്ട് ബ്രിട്ടനിലെ ഇന്ത്യന്‍ വനിതകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിസ്മയിപ്പിച്ചു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ചു നാലായിരത്തോളം വനിതകള്‍ ചേര്‍ന്നു "ചായ്‌പേ ക്രോഷ്യേ" സംരംഭമെന്ന പേരില്‍ തയാറാക്കിയ വര്‍ണപ്പുതപ്പില്‍ ക്രോഷ്യേ കൊണ്ടു കൊരുത്തെടുത്ത 2500 കളങ്ങളാണുള്ളത്.പതിറ്റാണ്ടുകളായി മറുനാട്ടില്‍ കഴിയുമ്പോഴും മാതൃരാജ്യത്തെക്കുറിച്ചു ചിന്തിക്കുന്ന ആയിരങ്ങളുടെ പിന്തുണ രാജ്യത്തിന്റെ കരുത്തു വര്‍ധിപ്പിക്കുന്നതായി താജ് സെന്റ് ജയിംസ് ഹോട്ടലിലെ സ്വീകരണമുറിയില്‍വച്ച് അപൂര്‍വ പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. സന്ദര്‍ശനത്തിന്റെ മൂന്നാംദിവസം മോദി ലണ്ടനിലെ അംബേദ്കര്‍ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു. സാമൂഹിക പരിഷ്‌കര്‍ത്താവും 12–ാം നൂറ്റാണ്ടില്‍ കര്‍ണാടകയില്‍ ജീവിച്ചിരുന്ന തത്വജ്ഞാനിയും കവിയുമായ ബസവേശ്വരയുടെ പ്രതിമയും അനാവരണം ചെയ്തു.ഭരണഘടനാ ശില്‍പിയായ ഡോ. ബി.ആര്‍. അംബേദ്കര്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ വിദ്യാര്‍ഥിയായിരുന്ന 1920കളില്‍ താമസിച്ചിരുന്ന വീട് രണ്ടു മാസം മുമ്പാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ വിലയ്ക്കുവാങ്ങി സ്മാരക മന്ദിരമാക്കാന്‍ തീരുമാനിച്ചത്. ചടങ്ങില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, സാമൂഹിക ക്ഷേമമന്ത്രി രാജ്കുമാര്‍ ബഡോള്‍ എന്നിവരും സംബന്ധിച്ചു. ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടി നേതാവും തീവ്ര ഇടതു നയങ്ങളുടെ പ്രയോക്താവുമായ ജെറമി കോര്‍ബിന്‍ മോദിയെ ഹോട്ടലില്‍ സന്ദര്‍ശിച്ചു.

ബ്രിട്ടനില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രിയും സംഘവും ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ തുര്‍ക്കിയിലെ അന്താല്യയിലേക്കു പോയി. പാരിസിലെ ഭീകരാക്രമണം സൃഷ്ടിച്ച ആഘാതം ഉച്ചകോടിയിലെ ചര്‍ച്ചകളുടെ ഗതിനിര്‍ണയിക്കുമെന്നു കരുതുന്നു. ലോകമെമ്പാടുമുള്ള സാമ്പത്തിക മാന്ദ്യം മുഖ്യചര്‍ച്ചാവിഷയമാകുമെന്നു കരുതിയിരുന്ന ഉച്ചകോടിയില്‍, ഭീകരര്‍ ഉയര്‍ത്തുന്ന വെല്ലുവിളികളും കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും ഇന്ത്യ ഉന്നയിക്കുമെന്നാണ് സൂചന.


Tags : ,


മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം. ഇവിടെ ക്ളിക്ക്‌ ചെയ്യുക...