HOME| ENTERTAINMENT



മാമുക്കോയയെ "കൊന്ന' മലയാളികളുടെ മനസിനെ വിമര്‍ശിച്ച് ബ്ലോഗുമായി മോഹന്‍ലാല്‍

കോട്ടയം: മാമുക്കോയയെ "കൊന്ന' മലയാളികളുടെ മനസിനെ വിമര്‍ശിച്ച് ബ്ലോഗുമായി മോഹന്‍ലാല്‍. മാമുക്കോയ മരിച്ചു എന്ന വ്യാജ വാര്‍ത്ത ഏതാനം ദിവസം മുമ്പ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണു ലാലിന്റെ പുതിയ ബ്ലോഗ്. "മാമുക്കോയയെ കൊന്നത് മലയാളികളുടെ മനോവൈകൃതം' എന്ന തലക്കെട്ടോടെയാണു മോഹന്‍ലാലിന്റെ ബ്ലോഗ് തുടങ്ങുന്നത്.

"കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് നവമാധ്യമങ്ങളില്‍ ഒരു വാര്‍ത്ത പ്രചരിച്ചു. നടന്‍ മാമുക്കോയ മരിച്ചു. വൃക്കരോഗമായിരുന്നു മരണകാരണം എന്നുമുണ്ട്. മിനിറ്റുുകള്‍ക്കകം വാര്‍ത്ത കാട്ടുതീയേക്കാള്‍ വേഗത്തില്‍ പടര്‍ന്നു. മാമുക്കോയയെ നേരിട്ടറിയുന്നവര്‍ നേരിട്ട് വിളിച്ചു. മാമുക്കോയ അപ്പോള്‍ വയനാട്ടില്‍ ആയിരുന്നു. സസുഖം ആരെയൊക്കെയോ ചിരിപ്പിച്ചും സ്വയം ചിരിച്ചും ഇരിക്കുന്നു. വിളിച്ച എല്ലാവരോടും അദ്ദേഹം "ഞാന്‍ മരിച്ചു' എന്നു കോഴിക്കോടന്‍ സ്‌റ്റൈലില്‍ പറഞ്ഞു. അതു കേട്ട് വിളിച്ചവര്‍ ചിരിച്ചു. ഫോണ്‍ വിളികള്‍ കൂടിയപ്പോള്‍ ഒടുവില്‍ മാമുക്കോയ ഫോണ്‍ ഓഫ് ചെയ്തു. അവസാനം ഒരു വെറും തമാശയില്‍ അത് അവസാനിച്ചു.

ഞാനും ഈ തമാശകള്‍ ഒക്കെ കേട്ടു എന്നാല്‍, എനിക്ക് ഈ കാര്യം വെറും തമാശയായിക്കണക്കാക്കാന്‍ സാധിച്ചില്ല എന്നതാണു സത്യം. കാരണം ഞാന്‍ ഇതുപോലെ ഒരുപാട് തവണ മരിച്ചയാളാണ്. ഒരിക്കല്‍ ഞാന്‍ ഊട്ടിയില്‍ ഷൂട്ടിംഗിലായിരുന്നു. ആരോ തിരുവനന്തപുരത്ത് എന്റെ വൂട്ടില്‍ വിളിച്ചു പറഞ്ഞു ഞാന്‍ ഒരു കാറപടകത്തില്‍പ്പെട്ടു മരിച്ചു എന്ന്. അന്ന് ഇന്നത്തെപോലെ ഫോണ്‍ വ്യാപകമല്ല. എന്റെ അമ്മയും അച്ഛനും തിന്ന തീയ്ക്ക് ഒരു കണക്കുമില്ല. ഫോണില്‍ എന്റെ ശബ്ദം കേട്ടിട്ടുപോലും അമ്മയ്ക്ക് വിശ്വാസമായില്ലെന്നും മോഹന്‍ലാല്‍ ബ്ലോഗില്‍ പറയുന്നു.

ജീവിച്ചിരിക്കുന്ന ഒരാള്‍ മരിച്ചു എന്ന വാര്‍ത്ത സൃഷ്ടിക്കുന്നവര്‍ക്ക് അതില്‍ നിന്നും ലഭിക്കുന്ന ആനന്ദം എന്താണ്. ഏതു തരത്തിലുള്ള മനസായിരിക്കും ആ മനുഷ്യരുടേത്? മോഹന്‍ലാല്‍ ചോദിക്കുന്നു. ഞാന്‍ ഒരിക്കലും നവമാധ്യമങ്ങളെ തള്ളിപ്പറയുന്നില്ല. എന്നാല്‍ വേഗം വിഷം കലരാന്‍ സാധ്യതയുള്ള ഒരു തടകമാണിതെന്നും ബ്ലോഗിലൂടെ മോഹന്‍ ലാല്‍ ഓര്‍മിപ്പിക്കുന്നു. ആളുകളെ അടുപ്പിക്കുന്നതിനെക്കാള്‍ അകറ്റാനാണ് കുറേപ്പേര്‍ ഇത് ഉപയോഗിക്കുന്നതെന്നും ലാല്‍ പറയുന്നു.

ഈ വാര്‍ത്ത ആദ്യം ഉണ്ടാക്കിയയാളെ പിടികൂടണം. ഇത്തരം ആള്‍ക്കാരെ ക്രിമിനലുകളായി കാണണമെന്നും മോഹന്‍ലാല്‍ ബ്‌ളോഗിലൂടെ പറയുന്നു. ശരീരത്തെ നിയന്തിക്കുന്നത് മനസാണ്, അത് മറക്കരുതെന്ന ഉപദേശത്തോടെയാണു മോഹന്‍ലാല്‍ ബ്ലോഗ് അവസാനിപ്പിച്ചിരിക്കുന്നത്.

ഏതാനും നാളുകളായി സോഷ്യല്‍മീഡിയായില്‍ സെലിബ്രറ്റികളെ "കൊല്ലുന്നത്' വര്‍ധിച്ച് വരുകയാണ്. സലിംകുമാര്‍, നസ്രിയ നസിം, കനക, ഹോളിവുഡ് താരം അര്‍ണോള്‍ഡ് തുടങ്ങിയവര്‍ സോഷ്യല്‍ മീഡിയ "കൊന്ന'വരുടെ പട്ടികയിലുള്ളതാണ്.


Tags : ,


മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം. ഇവിടെ ക്ളിക്ക്‌ ചെയ്യുക...