HOME| HEALTH



എ സിയിലെ ജീവിതം പൊണ്ണത്തടിക്ക് കാരണം.

ഒരുകാലത്ത് ആര്‍ഭാടത്തിന്റെ ചിഹ്നമായിരുന്ന എയര്‍ കണ്ടീഷണറുകള്‍ ഇന്ന് നിത്യാവശ്യത്തിന്റെ ഭാഗമായിരിക്കുന്നു. മുമ്പ് വമ്പന്‍ വ്യാപാരസമുച്ചയങ്ങളില്‍ മാത്രമായിരുന്ന എയര്‍ കണ്ടീഷണറുകള്‍ ഇന്ന് ഇടത്തരം വീടുകളിലെ സ്വീകരണമുറികളില്‍പോലും സ്ഥാനം പിടിച്ചിരിക്കുന്നു. വാഹനങ്ങളേറെയും നിരത്തിലിറങ്ങുന്നത് എയര്‍ കണ്ടീഷണറുമായാണ്. നല്ല ശീതളിമയും സ്വസ്ഥതയും പ്രദാനം ചെയ്യുന്ന എയര്‍കണ്ടീഷണര്‍ നല്ല പ്രസന്നത സൂക്ഷിക്കാനും നന്നായി ജോലി ചെയ്യാനും വഴിയൊരുക്കുന്നു.

പൊടിയും പൂമ്പൊടിയും മൂലമുള്ള അലര്‍ജി സാധ്യത കുറയ്ക്കുമെങ്കിലും എയര്‍ കണ്ടീഷന്‍ ചെയ്ത പരിതസ്ഥിതിയില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നവരില്‍ ശ്വാസകോശ രോഗങ്ങള്‍ കൂടുതല്‍ കാണാനുള്ള സാധ്യതയേറെയാണ്. എയര്‍ കണ്ടീഷണര്‍ സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ വ്യായാമോ ശാരീരികാധ്വാനമോ ഒട്ടും ഇല്ലാത്തവരാണെങ്കില്‍ പൊണ്ണത്തടിയും അതോടനുബന്ധിച്ചുള്ള ആരോഗ്യപ്രശ്‌നങ്ങളും നേരിടേണ്ടി വരുമെന്നും പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ചെറുപ്പക്കാരിലും കുട്ടികളിലും ഗര്‍ഭിണികളിലും പ്രായമായവരിലും എല്ലാം ഇതു ബാധകമാണ്. ശ്വാസകോശരോഗം നേരത്തേ ഉള്ളവരിലാണെങ്കില്‍ പ്രശ്‌നം സങ്കീര്‍ണമാകാനുള്ള സാധ്യതയും കുടും. സ്വയം രോഗപ്രതിരോധ ശേഷി കുറഞ്ഞിരിക്കുമെന്നതിനാല്‍ ഇടയ്ക്കിടെ പ്രശ്‌നങ്ങള്‍ ഉണ്ടാകും. ഇവരിലൊക്കെ ഏറ്റവും കൂടുതലായി കാണുന്ന പ്രശ്‌നങ്ങള്‍ ജലദോഷം, തൊണ്ടവേദന, ടോണ്‍സിലൈറ്റിസ് എന്നിവയാണ്. സന്ധിവാതരോഗങ്ങള്‍, ആസ്ത്മ, സൈനുസൈറ്റിസ് എന്നിവ നേരത്തേ ഉള്ളവരിലാണെങ്കില്‍ രോഗാവസ്ഥ കൂടുതലാകും. ചര്‍മരോഗങ്ങള്‍, മുടികൊഴിച്ചില്‍ എന്നിവയ്ക്കുമുള്ള സാധ്യതയേറെയാണ്.

കൂടുതല്‍ സമയം എയര്‍ കണ്ടീഷന്‍ ചെയ്ത സ്ഥലങ്ങളില്‍ കഴിയുന്നവര്‍ക്ക് ചൂടുള്ള കാലാവസ്ഥ ബുദ്ധിമുട്ടുണ്ടാക്കും. എയര്‍ കണ്ടീഷന്‍ ചെയ്ത പരിതസ്ഥിതിയില്‍ കൂടുതല്‍ സമയം കഴിയുന്നവരില്‍ തളര്‍ച്ച, മനംപുരട്ടല്‍ എന്നിവയുണ്ടാകാനുള്ള സാധ്യത കൂടുതലായിരിക്കും. ഇങ്ങനെയൊക്കെ പറഞ്ഞതുകൊണ്ട് എയര്‍ കണ്ടീഷണര്‍ മോശമാണെന്ന് കരുതേണ്ടതില്ല.

എസി ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. എയര്‍ കണ്ടീഷണര്‍ ഉപയോഗിക്കാത്ത സമയങ്ങളില്‍ ജനലുകള്‍ തുറന്നിടുക
2. എയര്‍ കണ്ടീഷണറുടെ അറ്റകുറ്റപ്പണികള്‍ അതതു സമയങ്ങളില്‍ നടത്തണം
3. തീരെ താഴ്ന്ന താപനില സൂക്ഷിക്കാതിരിക്കുകയാണ് നല്ലത്. ഇരുപത് മുതല്‍ ഇരുപത്തഞ്ച് ഡിഗ്രി വരെ സൂക്ഷിക്കുകയാവും നല്ലത്.
4. ഈര്‍പ്പം ശരാശരി നിലയിലെങ്കിലും നിലനിര്‍ത്തണം. അറുപതു മുതല്‍ എഴുപതു വരെ ശതമാനം ഈര്‍പ്പമുണ്ടായിരിക്കണം.
5. ഓഫീസിലായാലും വീട്ടിലായാലും എയര്‍ കണ്ടീഷണര്‍ ഉപയോഗിക്കുന്ന സമയം എത്രയും കുറയ്ക്കുന്നതാണ് നല്ലത്.


Tags : ,


മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം. ഇവിടെ ക്ളിക്ക്‌ ചെയ്യുക...