HOME| HEALTH



പുഴുങ്ങിയ മുട്ട പഴയരീതിയിലാക്കാം : ചരിത്രപരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പ്രാപ്‌തമായ കണ്ടുപിടുത്തം

ലണ്ടന്‍: നിലവില്‍ ഒരു മുട്ട പുഴുങ്ങിയാല്‍ അത്‌ എന്നും പുഴുങ്ങിയതു തന്നെ. എന്നാല്‍, അക്കാലം മാറിയെന്നാണ്‌ ഗവേഷകര്‍ പറയുന്നത്‌. പുഴുങ്ങിയ മുട്ട വീണ്ടും പഴയ രീതിയിലാക്കാം. ഈ കണ്ടെത്തല്‍ ഭാവിയില്‍ വിപ്ലവകരമായ പല മാറ്റങ്ങള്‍ക്കും കാരണമാവുകയും ചെയ്യുമത്രേ! പുഴുങ്ങിയ മുട്ടയുടെ വെളളക്കരു പ്രോട്ടീനാണല്ലോ? പുഴുങ്ങിയെടുത്ത വെളളക്കരു പഴയ രീതിയിലാക്കാന്‍ സാധിച്ചാല്‍ അത്‌ വെറുമൊരു 'മുട്ടക്കാര്യം' അല്ലെന്നാണ്‌ ഗവേഷണ സംഘത്തെ നയിച്ച ജോര്‍ജി വെയ്‌സ് പറയുന്നത്‌. കട്ടിയായ പ്രോട്ടീനെ വീണ്ടും പഴയരൂപത്തിലാക്കുന്നത്‌ കാന്‍സര്‍ ചികിത്സയിലും ബയോടെക്‌നോളജിയിലും ഫുഡ്‌ പ്രോസസിംഗിലും ചരിത്രപരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പ്രാപ്‌തമായ കണ്ടുപിടുത്തമാണെന്ന്‌ അദ്ദേഹം വ്യക്‌തമാക്കുന്നു.

പാഴായി പോകുന്ന പ്രോട്ടീന്‍ ഇത്തരത്തില്‍ പുനരുപയോഗം നടത്തുന്നത്‌ ശാസ്‌ത്രീയപരവും നിര്‍മ്മാണപരവുമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ശക്‌തമായ പിന്തുണയാവുമെന്നാണ്‌ ഗവേഷകരുടെ പ്രതീക്ഷ. നിലവില്‍ കാന്‍സര്‍ ആന്റിബോഡികള്‍ സൃഷ്‌ടിക്കുന്നത്‌ ഹാംസ്‌റ്ററുകളുടെ അണ്ഡാശയ കോശങ്ങളില്‍ നിന്നാണ്‌. പ്രോട്ടീന്‍ പാഴാകാതിരിക്കാനാണിത്‌. ഇത്‌ വളരെ ചെലവേറിയ രീതിയാണ്‌. എന്നാല്‍ പുതിയ പരീക്ഷണം വിജയമായ നിലയ്‌ക്ക് കാന്‍സര്‍ ആന്റിബോഡി നിര്‍മ്മാണത്തിന്‌ ഭാവിയില്‍ ചെലവു കുറയുമെന്നാണ്‌ കണക്കാക്കുന്നത്‌. പഠനത്തിന്റെ വിശദാംശങ്ങള്‍ 'കെംബയോകെം' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. യു.എസും ഓസ്‌ട്രേലിയയും സംയുക്‌തമായാണ്‌ പഠനം നടത്തിയത്‌.


Tags : ,


മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം. ഇവിടെ ക്ളിക്ക്‌ ചെയ്യുക...